ആഡിസ് അബാബ: എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാതലവന് ആബൂന മത്ത്യാസ് പാത്രിയാര്‍ക്കീസും മലങ്കര ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവയും കൂടിക്കാഴ്ച നടത്തി.
ആഡിസ് അബാബയിലെ പാത്രിയാര്‍ക്കേറ്റ് ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് കുടുംബത്തിലെ ഇരുസഭകളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് സഭാതലവന്മാര് ചര്‍ച്ച നടത്തി.
എത്യോപ്യന്‍- ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭകളുടെ വൈദിക സെമിനാരികളില്‍ ഇരുസഭകളിലെയും വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് കാതോലിക്കാബാവ പറഞ്ഞു.
മെത്രാപ്പോലീത്താമാരായ അലക്സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, നാഗ്പുര്‍ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോസി ജേക്കബ്, എക്യുമെനിക്കല്‍ റിലേഷന്‍സ് സെക്രട്ടറി ഫാ. അശ്വിന് ഫെര്‍ണാണ്ടസ്, കാതോലിക്കാബാവയുടെ സെക്രട്ടറി ഫാ. ഗീവര്‍ഗീസ് ജോണ്സണ്, സഭാ വര്‍ക്കിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു, ജോജോ പി. ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
എത്യോപ്യയിലെ സെന്റ് മേരീസ് പള്ളി, സബാത്ത കോണ്‍വന്റ് എന്നിവ കാതോലിക്കാബാവ സന്ദര്‍ശിച്ചു. 250 കുട്ടികളെ സംരക്ഷിച്ച് പഠിപ്പിക്കുന്ന കോണ്‍വന്റിന് പത്തുലക്ഷം എത്യോപ്യന്‍ ബിര്‍ സ്നേഹസമ്മാനമായി നല്‍കുമെന്ന് കാതോലിക്കാബാവ പറഞ്ഞു.